ഷാജി ജോര്‍ജ് പ്രണത

ഞാന്‍ അറിയുന്ന ഷാജി ജോര്‍ജ് പ്രണത

എം.എസ്. അഗസ്റ്റിന്‍

എന്റെ സുഹൃത്ത് ശ്രീ. ഷാജി ജോർജ് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ്.

കൊച്ചി നഗരവും പരിസരപ്രദേശവും കേന്ദ്രീകരിച്ച് മൂന്നു പതിറ്റാണ്ടിലേറെയായി ഷാജി ജോര്‍ജ് പ്രവര്‍ത്തിക്കുന്നു. സാമുദായിക മേഖലയിലും സാംസ്കാരിക സാമൂഹ്യ മേഖലകളിലും ഷാജി പ്രവര്‍ത്തന നിരതനാണ്.

      

- മലയാളത്തിലെ പ്രമുഖ പുസ്തകശാലകള്‍ക്കിടയില്‍ തനത് വ്യക്തിത്വത്തോടെ നിലകൊള്ളുന്ന,  പ്രണത ബുക്സ് എന്ന പ്രസാദകസംരംഭത്തിന്റെ സാരഥിയാണ് ഷാജി ജോര്‍ജ്. സാംസ്കാരിക ത്രൈ മാസികയായ അന്യോന്യത്തിന്റ മാനേജരുമാണ് ഷാജി.

കെ.സി.വൈ.എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയും വരാപ്പുഴ അതിരൂപത പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയുമായിരുന്നു ഷാജി ജോര്‍ജ്. 1992ല്‍ കെ.സി.വൈ.എം. സംസ്ഥാന സമ്മേളനത്തിന് വിശുദ്ധ മദര്‍ തെരേസയെ പങ്കടുപ്പിക്കുവാന്‍ ഷാജിക്ക് സാധിച്ചു.

കെ.എല്‍.സി.എ.  സംസ്ഥാന പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.  കെ.ആര്‍.എല്‍.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട്, ഔദ്യോഗിക വക്താവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്ന ഷാജി ജോര്‍ജ് നാടിന്റെയും നാട്ടാരുടെയും ഹൃദയസ്പന്ദനങ്ങള്‍ അറിയുന്ന വ്യക്തിയാണ്.

- വൈപ്പിനിലെയും സമീപദ്വീപുകളിലെയും വികസനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ചെറുതല്ലാത്ത ഒരു പങ്ക് കെ.സി.വൈ.എം. വഹിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പാലങ്ങള്‍ വരുന്നതിനു മുമ്പെ, 1991 മാര്‍ച്ച് 8, 9 തിയതികളില്‍ ശ്രീ. ജോസഫ് ജൂഡ് പ്രസിഡണ്ടും ഷാജി ജോര്‍ജ്  ജനറല്‍ സെക്രട്ടറിയുമായിരിക്കുമ്പോള്‍ വരാപ്പുഴ അതിരൂപത യുവജനപ്രസ്ഥാനം ഒരു ദ്വീപ് വികസന പദയാത്ര നടത്തുകയുണ്ടായി. വൈപ്പിന്‍ മേഖലയിലേയും കടമക്കുടി, പനമ്പുകാട് പഞ്ചായത്തുകളിലേയും അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ഈ ദ്വീപുകളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനും വേണ്ടിയായിരുന്നു ഈ പദയാത്ര നടത്തിയത്. വരാപ്പുഴയില്‍ നിന്നാരംഭിച്ച് ഞാറക്കലില്‍ സമാപിച്ച പദയാത്രയിലെ അനുഭവങ്ങളിലുടെ തയ്യാറാക്കിയ ഒരു വികസന രേഖ അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. (ഞാന്‍ ഈ കമ്മിറ്റിയില്‍ സാമൂഹ്യ രാഷ്ട്രീയ ഫോറം കണ്‍വിനറായിരുന്നു.)

ദ്വീപ് വികസന ജാഥയെക്കുറിച്ചുള്ള കേരള ടൈംസ് ദിനപത്രം 08.03.1991 ലെ വാര്‍ത്ത

- 1998ല്‍ എറണാകുളം നഗരത്തിലെ അസംഘടിതരും ഏറെ അവശതയനുഭവിക്കുന്നവരുമായ ചെരുപ്പുകുത്തികളെ സംഘടിപ്പിച്ച് ഷാജി ജോര്‍ജ് പാദരക്ഷ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുകയുണ്ടായി. കാണിക്ക വിജയനുമായി ചേര്‍ന്ന് രൂപീകരിച്ച ഈ യൂണിയന്റെ പ്രഥമ പ്രസിഡണ്ടായിരുന്നു ഷാജി.

ചെല്ലാനം തീരസംരക്ഷണത്തിനായി പോരാടുന്ന ജനങ്ങളുടെ സമരത്തിന്റെ നേതൃനിരയിലും ഷാജി ജോര്‍ജുണ്ടായിരുന്നു. ഈ ആവശ്യത്തിനായി സംസ്ഥാന ബഡ്ജറ്റില്‍ വളരെ വലിയ ഒരു സംഖ്യതന്നെ വകയിരുത്തുവാന്‍ ഇവര്‍ക്ക് സാധിച്ചു.

- പാലക്കാട് വടകരപ്പതി പഞ്ചായത്തിലെ കുടിവെള്ളത്തിനും കൃഷിക്കാവശ്യമുള്ള വെള്ളത്തിനും വേണ്ടിയുള്ള പോരാട്ട വിജയത്തിലും ഷാജി ജോര്‍ജിന്റെ നേതൃത്വമുണ്ടായിരുന്നു.

തീരപരിപാലന നിയമത്തിലെ അപാകതകള്‍ പരിഹരിച്ച് തീര നിവാസികളുടെ ദുരിതത്തിന് അറുതി വരുത്തുന്നതിനായി കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 2015 ല്‍ ഒരു പദയാത്ര നടത്തുകയുണ്ടായി. ഷാജി ജോര്‍ജാണ് ഇതിനു നേതൃത്വം നല്കിയത്. പദയാത്ര സമാപനം പതിനായിരങ്ങള്‍ പങ്കെടുത്ത മഹാസംഗമത്തില്‍ ഷാജി ജോര്‍ജ് അധ്യക്ഷനായിരുന്നു.

ഓഖി, പ്രളയ നാളുകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ആശ്വാസവുമായി ഷാജിയുടെ നിറ സാന്നിധ്യ മുണ്ടായിരുന്നു.

ഷാജി ജോര്‍ജ് പ്രണത

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ നന്നായി  നിര്‍വ്വഹിക്കുവാന്‍ ഷാജിക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ, സാംസ്കാരിക, സാമുദായിക മേഖലകളിലെ ഷാജിയുടെ പ്രവര്‍ത്തനങ്ങളില്‍ പലതിലും പങ്കുകാരാകുവാന്‍ കഴിഞ്ഞതില്‍ മുന്‍കാല യുവജന പ്രവര്‍ത്തകരായ എനിക്ക് വളരെ അഭിമാനമുണ്ട്. ഷാജി കെ.സി.വൈ.എം. അതിരൂപതാ പ്രസിഡണ്ടായിരിക്കുമ്പോള്‍ ഞാന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

പരിചയപ്പെടുന്ന ആരുമായും വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഷാജി സ്ഥാനമാനങ്ങളുടെ പുറകെ പോയിട്ടില്ല. എറണാകുളത്തെ അറിയുന്ന ഷാജി ജോര്‍ജിന് ഇവിടെ വികസനത്തിന്റെ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സാധിക്കും.

എറണാകുളത്തിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി ഈ തെരഞ്ഞെടുപ്പില്‍ സത്യവും നന്മയും ആര്‍ദ്രതയുമുള്ള ഷാജി ജോര്‍ജ് പ്രണതയെ ഫുട്ബോള്‍ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി  വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

 

 

Comments